സന്ദേശം

പരകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

“ഞാൻ സാക്ഷ്യം വഹിക്കുന്നു അല്ലാഹു അല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ലന്നും അബ്ദുല്ലയുടെ മകൻ മുഹമ്മദ് ﷺ അല്ലാഹുവിന്റെ അടിമയും അല്ലാഹുവിനാൽ അയക്കപ്പെട്ട അവസാനത്തെ ദൂതനുമാകുന്നു എന്ന്.” 

മുകളിൽ നൽകിയിട്ടുള്ള രണ്ടു സാക്ഷ്യവാക്യങ്ങളെ യഥാവിധി മനസ്സിലാക്കുവാനും അതനുസരിച്ച് സ്വന്തം ജീവിതത്തെ തിട്ടപ്പെടുത്തുവാനും സഹായകരമായിട്ടുള്ള കാര്യങ്ങളാണ് ഈ വെബ്‌സൈറ്റിൽ നിങ്ങളുമായി പങ്കുവെയ്ക്കപ്പെടുന്നത്. ഒരുവേള നിങ്ങൾക്ക് ഇതൊരു സ്ഥിരം പല്ലവിയായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ നിങ്ങളുടെ കൈവശമുള്ള ആശയവുമായി ഇതിനെ ഒന്ന് താരതമ്യ പെടുത്തിനോക്കുക. നിങ്ങളുടെ ഈ വിലപ്പെട്ട ജീവിതം വെറുതെ അങ് ജീവിച്ചു മരിക്കാനുള്ളതാണെന്നു നിങ്ങൾ കരുതുന്നുണ്ടോ ? ആരെക്കെയോ രചിച്ചുണ്ടാക്കിയ മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞു അവസാനിപ്പിക്കാനുള്ളതോ ? അല്ല സുഹൃത്തേ, സത്യം അതൊന്നേയുള്ളു. മേഘങ്ങളില്ലാത്ത രാത്രിയിലെ പൂർണ ചന്ദ്രനെ പോലെ തെളിഞ്ഞതാണ് ആ സത്യം.

സൃഷ്ടാവ് നിങ്ങൾക്ക് നൽകിയ ബുദ്ധിയെ ഒരു വേള ഈ സത്യാന്വേഷണത്തിന് നൽകുക. സത്യം, അതിന്റെ വാഹകരിൽ നിന്നെടുക്കുക, അതിനെ പരിഹസിക്കുന്നവരുടെ അരികിൽ നിന്നുമല്ലാ.

നിങ്ങൾ ഈ ലോകത്ത് ഒരു യാത്രികനെ പോലെയാണ്. എപ്രകാരം പത്ത് മാസത്തോളം നിങ്ങളുടെ മാതാവിന്റെ ഗർഭത്തിൽ നിങ്ങൾ കഴിച്ചുകൂട്ടിയതിനു ശേഷം ഈ അവസ്ഥയിലെത്തിയോ അതുപോലെ തന്നെ ഒരു നിശ്ചിത സമയം ഇവിടെ കഴിച്ചുകൂട്ടിയതിനു ശേഷം അടുത്ത അവസ്ഥയിലേക്ക് നീങ്ങുന്നതാണ്, മരണം എന്ന പ്രതിഭാസത്തിലൂടെ. അടുത്ത ഘട്ടമാകട്ടെ നമ്മുടെ യാത്രയുടെ അവസാന ഘട്ടവുമാകുന്നു. നാം ഒന്നല്ലെങ്കിൽ സ്വർഗത്തിൽ അല്ലെങ്കിൽ നരകത്തിൽ പ്രവേശിപ്പിക്കപ്പെടുന്നു. ഒരിക്കലും അവസാനിക്കാത്ത കാലാകാല ജീവിതമാണവിടെ. അതാകുന്നു പരലോകം. പരലോകത്തിൽ നിങ്ങളുടെ വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നത് ഇപ്പോൾ നിങ്ങൾ എടുക്കുന്ന തീരുമാനത്തെ ആസ്പദമാക്കിയാണ്. ഒന്നല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സൃഷ്ടാവിന്റെ മുൻപിൽ പരിപൂർണമായും സമർപ്പിച്ച്, അവന്റെ താൽപര്യങ്ങൾക്ക് സ്വന്തം താല്പര്യങ്ങളെക്കാൾ വില നൽകി ജീവിക്കാം. അല്ലെങ്കിൽ ദേഹേച്ഛ അനുസരിച്ചോ ആളുകൾ കെട്ടിപ്പടുത്തിയ കഥകൾക്കനുസരിച്ചോ ജീവിക്കാം. തീരുമാനം നിങ്ങളുടെ ആണ്, നിങ്ങളുടെ മാത്രം. പര്യവസാനവും.

ഈ രീതിയിൽ പരിപൂർണമായും സൃഷ്ടാവായ അല്ലാഹുവിന്റെ മുൻപാകെ സമർപ്പിക്കുന്നതിനെ അറബിയിൽ പറയുന്ന വാക്കാണ് ഇസ്‌ലാം. ഇങ്ങനെ സമർപ്പിച്ചവനെ അറബിയിൽ മുസ്‌ലിം എന്നും പറയും. നിങ്ങളെ ഈ അവസരത്തിൽ ഈ മനോഹരമായ ജീവിതത്തിലേക്ക് ഞങ്ങൾ ക്ഷണിക്കുന്നു, ഒരു മുസ്ലിമായി ജീവിക്കുവാൻ. ഈ മതം നിങ്ങളോടു ഒരിക്കലും കണ്ണടച്ച് വിശ്വസിക്കാൻ പറയുന്നില്ല. നിങ്ങളുടെ ബുദ്ധിയും അറിവും പരിപൂർണമായും ഉപയോഗിച്ച് സത്യത്തെ അസത്യത്തിൽ നിന്നും വേർതിരിച്ച് അറിഞ്ഞ് വിശ്വസിക്കുക.

സുഹൃത്തേ, ഇതേ ഒരു സത്യമുള്ളൂ. വ്യക്തമായ തെളിവുകൾ തുടർന്നുള്ള പേജുകളിൽ നൽകുന്നതാണ് ഇൻശാ അല്ലാഹ്.